02:57am 11 November 2026
NEWS

കെഎസ്ആർടിസി ബസ് കണ്ടക്ടർ കഞ്ചാവുമായി പിടിയിൽ

13/08/2025  11:15 AM IST
nila
  കെഎസ്ആർടിസി ബസ് കണ്ടക്ടർ കഞ്ചാവുമായി പിടിയിൽ

കെഎസ്ആർടിസി ബസ് കണ്ടക്ടർ കഞ്ചാവുമായി അറസ്റ്റിലായി. കെഎസ്ആർടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടർ മാവേലിക്കര ഭരണിക്കാവ് പള്ളിക്കൽ മുറിയിൽ ജിതിൻ കൃഷ്ണ (35) ആണ് പിടിയിലായത്. 2010 മുതൽ കെഎസ്ആർടിസിയിൽ കണ്ടക്ടറായി ജോലി ചെയ്യുന്ന ഇയാൾ കഞ്ചാവ് വിൽപന നടത്തുന്നതായി എക്സൈസിന് നേരത്തേ തന്നെ രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തോളം നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിലാണ് ഇയാളെ പിടികൂടിയത്. 

ബുധനാഴ്ച പുലർച്ചെ മാവേലിക്കര മൂന്നാംകുറ്റിക്ക് സമീപമുള്ള ആലിൻചുവട് ജംക്‌ഷനിൽ വച്ച് വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. ജിതിൻ കൃഷ്ണയുടെ പക്കൽനിന്നും 1.286 കിലോ കഞ്ചാവും പിടിച്ചെടുത്തു. 

ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ.സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫിസർമാരായ സി.പി.സാബു, എം.റെനി, ബി.അഭിലാഷ്, പി.അനിലാൽ, ടി.ജിയേഷ്, കെ.ആർ.രാജീവ്, സിവിൽ എക്സൈസ് ഓഫിസർമാരായ സാജൻ ജോസഫ്, സുലേഖ, ഭാഗ്യനാഥ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. മാവേലിക്കര മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.